തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പോലീസ് ഹാജരാക്കിയ അന്വേഷണ റിപ്പോർട്ട് പരി​​ഗണിച്ചാണ് ബെയ്‌ലിന് ജാമ്യം നൽകിയത്. റിമാൻഡിലായി നാലാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ച സംഭവം ​ഗൗരവമുള്ള കുറ്റമാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തൊഴിലിടത്ത് സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാൽ പ്രതിക്ക് ജാമ്യം നൽകുന്നത് നീതി നിഷേധമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഓഫിസുനുള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്നാണ് പ്രതിഭാ​ഗം ഉന്നയിച്ചത്.

കഴിഞ്ഞ ചൊവാഴ്ച ഉച്ചയ്ക്കാണ് ഓഫീസിൽ വച്ച് ബെയ്‍ലിൻ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ചത്. മർ​ദ്ദനത്തിൽ ശ്യാമിലിയുടെ ഇടതുകവിളിൽ ​ഗുരുതര പരിക്കേറ്റു. തുടർന്ന് നൽകിയ പരാതിയിലാണ് ബെയ്‍ലിൻ ദാസിനെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മൂന്ന് ജിവസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞ ബെയ്ലിൻ അവിടെനിന്ന് പൂന്തുറയിലെ സ്വന്തം വീട്ടിലെത്തി തിരികെ മടങ്ങും വഴി വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.