നിഷ്മ

മേപ്പാടി: വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം റിസോര്‍ട്ട് മാനേജ‍ർ സ്വച്ഛന്തും സൂപ്പര്‍വൈസർ അനുരാഗുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസ്.

ഇന്നലെ പുലർ‌ച്ചെയാണ് മേപ്പാടിയിലെ തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകര്‍ന്നു വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചത്. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മയാണ് മരിച്ചത്. 24 വയസായിരുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന ആളായിരുന്നു നിഷ്മ. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്. ആശുപത്രിയിൽ കൊണ്ട് പോകുംവഴിയാണ് മരണം.

ടെന്റ് ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. റിസോര്‍ട്ടിന് അനുമതി ഇല്ല എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.