പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ആവേശത്തില്‍ സൈനികര്‍
ഇന്ത്യയ്ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ലെങ്കിലും വ്യാജപ്രചരണങ്ങളുമായി അരങ്ങുതീര്‍ക്കുകയായിരുന്നു പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ഇന്ത്യയിലെ ആദംപുര്‍ എയര്‍ബേസ് അടക്കം തകര്‍ത്തെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. എന്നാല്‍ പാക് വാദങ്ങളെല്ലാം ഒരിക്കല്‍ കൂടി പൊളിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമ മോദിയുടെ ആദംപുര്‍ സന്ദര്‍ശനം. തങ്ങള്‍ തകര്‍ത്തെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ട അതേ വ്യോമസേന കേന്ദ്രത്തില്‍ മോദിയെത്തി പ്രസംഗിച്ചു. എയര്‍ ഫോഴ്‌സ് ബേസിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പാക് അവകാശവാദങ്ങളെല്ലാം ഒന്നിന് പുറകേ ഒന്നായി പൊളിഞ്ഞുവീഴുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. പാകിസ്ഥാനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇങ്ങോട്ട് സമീപിച്ചത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല. ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ മാത്രമാണ് ചര്‍ച്ച നടത്തിയത്. കശ്മീരില്‍ നിലനില്‍ക്കുന്ന ഏക വിഷയം പാക് അധീന കശ്മീരുമായി ബന്ധപ്പെട്ടുള്ളതാണ്. നിയമവിരുദ്ധമായി പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശം വിട്ടുതരികയെന്നതാണ് പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി വീണ്ടും ശാന്തമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പാക് പ്രകോപനമുണ്ടായില്ല. എന്നാല്‍ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ‘ഓപ്പറേഷന്‍ കെല്ലര്‍’ എന്ന് പേരിട്ട ദൗത്യത്തില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു.
