ഇസ്‌ലാമാബാദ് : അതിർത്തി സംഘർഷം വഷളാകുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടി പാക്കിസ്ഥാൻ. കൂടുതൽ വായ്പയ്ക്കായി ലോക ബാങ്കിനെ ഉൾപ്പെടെ സമീപിച്ചതായാണ് റിപ്പോർട്ട്. ‘ശത്രുക്കൾ വരുത്തിയ കനത്ത നാശനഷ്ടം’ മൂലം കൂടുതൽ പണം ആവശ്യമാണെന്ന് പാക്കിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗം വ്യക്തമാക്കി. ‘‘സംഘർഷങ്ങൾക്കും ഓഹരി വിപണി തകർച്ചയ്ക്കും ഇടയിൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ രാജ്യാന്തര പങ്കാളികൾ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.’’– പാക്കിസ്ഥാൻ സാമ്പത്തിക കാര്യ വിഭാഗം എക്‌സ് പോസ്റ്റിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ലെന്നും അക്കൗണ്ട് ഹാക്ക് ആയതാണെന്നും വിശദീകരിച്ച് സാമ്പത്തിക കാര്യ വിഭാഗം പിന്നീട് രംഗത്തെത്തി.