ചണ്ഡിഗഡ് : ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷാവസ്ഥ രൂക്ഷമായിരിക്കെ അതീവജാഗ്രതയിൽ അതിർത്തി. സംസ്ഥാനങ്ങൾ. ജമ്മു കശ്മീരിനു പുറമെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം ഉള്ളത് .പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡിഗഡിൽ ഇന്നു രാവിലെ അപായ സൈറൺ മുഴങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആക്രമണത്തിനു സാധ്യതയുണ്ടെന്ന് വ്യോമസേനാ സ്റ്റേഷനിൽനിന്നു മുന്നറിയിപ്പ് ലഭിച്ചെന്നും എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ബാൽക്കണികളിൽനിന്ന് അകന്നു നിൽക്കണമെന്നും ചണ്ഡിഗഡ് ഭരണകൂടം അറിയിച്ചു. എന്നാൽ ഒരു മണിക്കൂറിനു ശേഷം അലർട് പിൻവലിക്കുകയും ചെയ്തു . അതേസമയം, ചണ്ഡിഗഡിന്റെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടിനുള്ളിൽ തന്നെ തുടരാൻ പഞ്ചാബിലെ മൊഹാലി ജില്ലാ ഭരണകൂടം നിർദേശിച്ചു. ‘‘ചണ്ഡിഗഡിലെ ചില പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. അതിർത്തി മേഖലകളിലെ മൊഹാലി നിവാസികൾ വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളിൽനിന്നും ഗ്ലാസ് പാളികളിൽ നിന്നും അകന്നു നിൽക്കാനും നിർദേശിക്കുന്നു.’’– മൊഹാലി ഭരണകൂടം അറിയിച്ചു.