ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി കുറിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മലാല യൂസഫ്സായിയുടെ പ്രതികരണം.
വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കന്മാരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
ഈ അപകടകരമായ സമയത്ത് പാകിസ്ഥാനിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും വക്താക്കളെയും പെൺകുട്ടികളെയും കുറിച്ച് ഞാൻ ചിന്തിക്കുന്നു.നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.