ജമ്മു: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ – പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ ശക്തമായി തുടരുക ആണ്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ചുട്ട മറുപടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും, പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.