ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന തകർത്തത് ജയ്ഷെ, ലഷ്കർ താവളങ്ങൾ. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം.
ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.
കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു. കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിടങ്ങളിൽ ആക്രമണം നടത്തിയതായാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്. ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവൻ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 10ന് പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
തിരിച്ചടിയെ കുറിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. യുഎസ്, ബ്രിട്ടൻ, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
