പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കോട്‌ലി, മുസാഫറാബാദ്, ബഹവൽപുർ, മുരിഡ്‌ക് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് വിവരം. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ.
അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണമുണ്ടായതിന്റെ പതിനാലാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. പഹൽഗാം ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.
