കോഴിക്കോട് : താമരശ്ശേരിയിൽ മതിയായ രേഖകളില്ലാതെ കൈവശം വച്ചിരുന്ന 38 ലക്ഷം രൂപ പിടികൂടി. കൊടുവള്ളി ഉളിയാടൻ കുന്നുമുൽ മുഹമ്മദ് റാഫി ഉപയോഗിച്ച സ്കൂട്ടറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ പണം താമരശ്ശേരി പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ പരപ്പൻപൊയിൽ പെട്രോൾ പമ്പിനടുത്തുവച്ച് ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം.
പൊലീസിന്റെ വാഹന പരിശോധന കണ്ട് സ്കൂട്ടർ വെട്ടിച്ച് പോകാൻ മുഹമദ് റാഫി ശ്രമിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽനിന്ന് നോട്ടുകെട്ടുകൾ അടുക്കി വച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പമ്പിനടുത്ത് എത്തുന്ന ആൾക്ക് കൈമാറാൻ ഏൽപിച്ചതാണന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുഴൽപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വഷണം നടത്തുന്നു.