ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികളെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് സുപ്രീം കോടതിയില്‍ കേരളം വീണ്ടും ആവര്‍ത്തിച്ചു. നിലവിലെ ഡാമിന്റെ പുനപരിശോധന നടത്തേണ്ട സമയം കഴിഞ്ഞുവെന്നും കേരളം വാദിച്ചു.

നേരത്തെ തന്നെ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മേല്‍നോട്ട സമിതി പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ഉന്നയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മേല്‍നോട്ട സമിതിയിലൂടെയും വിഷയങ്ങള്‍ പരിഹരിക്കാനാകുമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.