ഐപിഎല്ലിൽ ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവൻശി. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാന്റെ വൈഭവ് സൂര്യവൻശി. പതിനാലാം വയസിലാണ് വൈഭവിന്റെ നേട്ടം. ഗുജറാത്തിനെതിരെ 35 പന്തിൽ 11 സിക്സും 7 ഫോറും ഉൾപ്പടെയാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്.
17 പന്തിൽ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ചതിന് പിന്നാലെയാണ് സിക്സർ പൂരം തീർത്തി സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടി താരം 101 റൺസുമായാണ് പവലിയൻ കയറിയത്. പ്രസിദ് കൃഷ്ണയുടെ യോർക്കറിലാണ് 14കാരൻ കുടുങ്ങിയത്. ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. ഇഷാന്ത് ശര്‍മ എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടക്കം 28 റൺസാണ് രാജസ്ഥാന്റെ സ്കോർ ബോർഡിൽ കയറിയത്.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ഗുജറാത്ത് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ രാജസ്ഥാന്റെ 14കാരനാണ് ബൗളേഴ്സിനെ അടിച്ചൊതുക്കിയത്. ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്‌സറും അഞ്ചുഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസും സായ് സുദർശൻ 30 പന്തിൽ 39 റൺസും നേടി. പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ ഒമ്പതാം സ്ഥാനത്തുമാണ്.
