ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് സൈന്യം വെടിയുതിർത്തു. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവും ഇല്ലാതെ പാക്കിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നത്. പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇത് ആദ്യമാണ്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണ സ്ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിനു മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാക്ക് പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരഞ്ഞു പിടിച്ചു ശിക്ഷിക്കുമെന്നും ഈ ഭൂമിയുടെ അറ്റം വരെ ഭീകരരെ പിന്തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാക്കിസ്ഥാനും റദ്ദാക്കി. തുടർന്നാണ് അതിർത്തിയിൽ പാക്കിസ്ഥാൻ വെടിവയ്പ്പ് ആരംഭിച്ചത്. അബദ്ധത്തിൽ അതിർത്തി കടക്കാനിടയായി പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാനെ ഇതുവരെ വിട്ടുനൽകാൻ പാക്കിസ്ഥാൻ താറായിട്ടില്ല.
