ന്യൂഡല്‍ഹി/ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നാവികസേന. സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. ‘എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍’ എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം, കശ്മീരില്‍ സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ച കശ്മീരിലെ കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുല്‍ഗാമിലെ തോക്കെര്‍പോര മേഖലയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയവരാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.