പട്ന : പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതു വരെ രാജ്യം വിശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ മധുബനിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിനു മുമ്പ് കശ്മീരിൽ ജീവൻ നഷ്ടപ്പെട്ടവർക്കു ആദരമായി ഒരു മിനിറ്റ് മൗനം ആചരിച്ചു.
ഈ ലോകത്തോടു ഞാൻ പറയുകയാണ്, ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരഞ്ഞു പിടിച്ചു. ശിക്ഷിക്കും. ഈ ഭൂമിയുടെ അറ്റം വരെ അവരെ പിന്തുടരും. അവർക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറത്തുള്ള ശിക്ഷ നൽകും. അതിന് എന്തു മാർഗം വേണോ അതെല്ലാം സ്വീകരിക്കും. ഭീകരതയ്ക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ ഓരോ ഇഞ്ചും നശിപ്പിക്കും.
പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്. ചിലർക്ക് മകനെയും ചിലർക്ക് സഹോദരനെയും ചിലർക്ക് പങ്കാളിയെയും നഷ്ടപ്പെട്ടു.
അവരുടെ വേദന മുഴുവൻ രാജ്യവും പങ്കിടുന്നു. ഭീകരവാദം ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകുകയില്ല. . ഇക്കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടാണ്.
മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഞങ്ങൾക്കൊപ്പമുണ്ട്. ഈ സമയം ഞങ്ങൾക്കൊപ്പം നിന്ന രാജ്യങ്ങളിലെ ജനങ്ങളോടും നേതാക്കളോടും ഞാൻ നന്ദി പറയുന്നു. – പ്രധാനമന്ത്രി മോദി.
‘പഹല്‍ഗാം ഭീകരാക്രമണം നടത്തിയവരെ ഭൂമിയുടെ അറ്റം വരെ പിന്തുടരും, ചിന്തിക്കാൻ കഴിയാത്ത ശിക്ഷ നൽകും’: മോദി.
