കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ താര സംഘടനയായ AMMA ഉടൻ നടപടിയെടുക്കില്ല. ജൂണിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിലായിരിക്കും നടപടി സംബന്ധിച്ച ചർച്ച ഉണ്ടാകുക. വിഷയം അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടൻ റിപ്പോർട്ട് നൽകും. ഫിലിം ചേംബറിന്‍റെ അടിയന്തര യോഗം നാളെ കൊച്ചിയിൽ ചേരും.
അതേസമയം, ഷൈൻ ടോം ചാക്കോയോട് ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ഏപ്രിൽ 22 ചൊവ്വാഴ്ചയാണ് ഷൈൻ ഹാജരാകേണ്ടത്. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേർന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈൻ ടോം ചാക്കോയുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. ഷൈൻ ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നപ്പോൾ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഷൈനെ കാണാനെത്തിയവരിൽ പെൺസുഹൃത്തും ഉണ്ട്. ഷൈന് ഹോട്ടലിൽ നിന്നും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
