കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തില്‍ കൊക്കെയ്ന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും.
അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഷൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ വിചാരണക്കോടതി എണ്ണിപ്പറഞ്ഞിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് കോടതി വിമര്‍ശിച്ചു. നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും പിടിച്ചെടുത്ത കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കാനോ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്താനോ അന്വേഷണ സംഘം തയ്യാറായില്ലെന്നും കോടതി കുറ്റപ്പെടുത്തി. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.