അമരാവതി: ആന്ധ്രാ പ്രദേശില്‍ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ചിറ്റൂരിലെ മസിദുമുറ്റയിലാണ് സംഭവം. നവവധു യാസ്മിന്‍ ബാനു (23) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന് ഭര്‍ത്താവ് ആരോപിച്ചു. മൂന്നുമാസം മുന്‍പാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സായി തേജ എന്ന യുവാവിനെ യാസ്മിന്‍ വിവാഹം കഴിച്ചത്. പിതാവിന് സുഖമില്ലെന്ന് അറിയിച്ച് യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഭാര്യയെ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും സായി തേജ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് സായി നല്‍കിയ പരാതിയില്‍ പൊലീസ് യുവതിയുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുപത്തിയാറുകാരിയായ യാസ്മിനും സായി തേജയും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരായത്. യാസ്മിന്‍ എംബിഎയ്ക്കും സായി ബി ടെകിനും പഠിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. യാസ്മിന്റെ കുടുംബം ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. വിവാഹം കഴിഞ്ഞയുടന്‍ ഇരുവരും പൊലീസ് സംരക്ഷണം തേടിയിരുന്നു. യാസ്മിന്റെ മാതാപിതാക്കള്‍ക്ക് പൊലീസ് കൗണ്‍സലിംഗ് നല്‍കി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതാണെന്ന് സ്ഥിരീകരിച്ചശേഷം യാസ്മിനെ തേജയ്‌ക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.