അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.കാട്ടാന കൂട്ടം ആക്രമിക്കാൻ പോയപ്പോൾ ഇവർ ചിതറി ഓടുകായായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ മൂന്ന് ദിവസമായി വനത്തിനകത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽ കെട്ടി തങ്ങിയവർക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണം നടന്നിരിക്കുന്നത് എന്നും ആനകൂട്ടത്തെ കണ്ടപ്പോൾ ഇവർ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിൽ കാട്ടാന ആക്രമണം ഉണ്ടായതെന്നും വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു. ആന ചവിട്ടിയാണോ ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്ന ശേഷമേ അതിൽ വ്യക്തത വരൂ എന്നും ഡിഎഫ്ഒ വ്യക്തമാക്കി. നിലവിൽ പൊലീസ് എത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

48 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. സമാനമാസ സാഹചര്യത്തിൽ തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു സെബാസ്റ്റ്യന് നേരെ കാട്ടാന പാഞ്ഞടുത്തത്.