പത്തനംതിട്ട : ആറന്മുളയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന് ജീവപര്യന്തം. കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ് സി/ എസ് ടി, പി ഒ എ ആക്ട് 5എ വകുപ്പ് പ്രകാരവുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നത്. ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നല്‍കിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്‍ ബിനു പറഞ്ഞു.

2020 സെപ്റ്റംബര്‍ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം.