പാല : പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ അപകടമുണ്ടായത്.

ഇടുക്കി സ്വദേശി എബിന്‍ ജെയിംസ് (22), തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14), പാക്കില്‍ സ്വദേശിനി വിജയകുമാരി (58), കൂത്താട്ടുകുളം സ്വദേശി ജോര്‍ജ് (60), തുടങ്ങാനാട് സ്വദേശിനി അജിത (43) ഇവരുടെ മകന്‍ അനന്ദു (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കോട്ടയത്ത് നിന്ന് കട്ടപ്പനയ്ക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. പരുക്കേറ്റവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.