തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നുപേർ പിടിയിൽ. തലശ്ശേരി പാലിശ്ശേരി മരിയാസ് ഹൗസിലെ ഇ.എ. ഷുഹൈബ് (38), മട്ടാമ്പ്രം അരയിലകത്ത് ഹൗസില്‍ എ. നാസര്‍ (54), എഡി കോയ ക്വാര്‍ട്ടേസ് കയ്യത്ത് മുഹമ്മദ് അക്രം (40) എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയില്‍നിന്ന് തീവണ്ടിമാര്‍ഗം തലശ്ശേരിയില്‍ ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേത്രാവതി എക്‌സ്പ്രസില്‍ തലശ്ശേരി സ്റ്റേഷനില്‍ വന്നിറങ്ങിയ ഉടന്‍ മൂവര്‍സംഘത്തെ പോലീസ് വലയിലാക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് ഷുഹൈബ്. മറ്റുള്ളവര്‍ക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

എ. നാസറിന്റെ ഷൂവില്‍ ഒളിപ്പിച്ച നിലയിലാണ് 258 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. മുംബൈയില്‍നിന്ന് 2,20,000 രൂപയ്ക്കാണ് പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ വാങ്ങിയത്. ഗ്രാമിന് 5000 രൂപ നിരക്കില്‍ വില്‍പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരിയില്‍ ലഹരി വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചത്. കഴിഞ്ഞ ഒരു മാസമായി പോലീസും ഡാന്‍സാഫും ലഹരി വില്‍പ്പനക്കാരെ നീരീക്ഷിച്ച് വരികയായിന്നു. കൃത്യമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവരും പിടിയിലായത്.

പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിമരുന്ന് കടത്ത് കേസില്‍ നേരത്തെ മുംബൈ പോലീസ് പിടിച്ചിരുന്നു. ന്യൂമാഹി ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്‍, തലശ്ശേരി എസ്‌ഐ പി.വി. പ്രശോഭ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മിഥുന്‍, അജിത്ത്, മഹേഷ്, രാഹുല്‍, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.