വാഷിങ്ടൺ: അമേരിക്കക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ചൈന പിൻവലിക്കണമെന്ന് ട്രംപ്. പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്നും ചൈനയ്ക്ക് ട്രംപിൻ്റെ ഭീഷണി.
ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാൽ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ഈ വർഷം തുടക്കം 20 ശതമാനം തീരുവയാണ് അമേരിക്ക ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം 34 ശതമാനം കൂടി അധിക തീരുവ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അമേരിക്ക ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ തീരുവ 54 ശതമാനമായി മാറി.
ട്രംപിൻ്റെ പ്രതികാര ചുങ്കത്തിന് പകരമായി ചൈന 34 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു. ഇതു കൂടാതെ അപൂർവ ഭൗമ ധാതുകളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 30 ഓളം യു എസ് സംഘടനകൾക്കും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
