കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തൊഴിൽ പീഡനമില്ലെന്ന് ജെറിനെക്കൊണ്ട് സ്ഥാപന ഉടമ ഉബൈൽ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് മുൻ മാനേജർ മനാഫ്. സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരത്തെയും പണിഷ്മെൻ്റ് നൽകിയിട്ടുണ്ട്. സത്യം പുറത്ത് വരാൻ താൻ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൂടുതൽ ദൃശ്യങ്ങൾ തെളിവായി കൈവശമുണ്ട്. ജെറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മനാഫ് പറഞ്ഞു.
തന്നെ പുറത്താക്കിയതല്ല, രാജിവെച്ചു പോയതാണെന്നും ലഹരി കേസിൽ പ്രതിയായെന്ന് പ്രചരിപ്പിക്കുകയാണെന്നും മനാഫ് പറഞ്ഞു. . കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനം ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തിൽ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും ഇതടക്കം ക്രൂരമായ ശിക്ഷകള്‍ സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ മുമ്പു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി അഖില്‍ ആരോപിക്കുകയും ചെയ്തു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുയര്‍ന്നത്. ഇതോടെ തൊഴില്‍ വകുപ്പും പൊലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്പാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം തിരിഞ്ഞു മറിഞ്ഞത്.
