ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി
ലക്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരാണ് മുംബൈ ഇന്നിംഗ്‌സില്‍ തിളങ്ങിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
എട്ട് വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായെങ്കിലും പവര്‍ പ്ലേയില്‍ തന്നെ കരകയറാന്‍ മുംബൈക്ക് സാധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 17 എന്ന നിലയിലായിരുന്നു മുംബൈ. ഓപ്പണര്‍മാരായ വില്‍ ജാക്‌സ് (5), റ്യാന്‍ റിക്കള്‍ട്ടണ്‍ (10) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആകാശ് ദീപ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. പിന്നീട്, സൂര്യ-നമന്‍ സഖ്യം മുംബൈയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരുടേയും കരുത്തില്‍ പവര്‍ പ്ലേയില്‍ 64 റണ്‍സെടുക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നു. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ധിര്‍ ദിഗ്‌വേഷ് രാത്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ സൂര്യയും മടങ്ങി. തിലക് വര്‍മ (23 പന്തില്‍ 25) റിട്ടയേര്‍ഡ് ഔട്ടാവുകയും ചെയ്തതോടെ മുംബൈയുടെ പ്രതീക്ഷകള്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ (16 പന്തില്‍ 28) മാത്രമായി. എന്നാല്‍ കരകയറ്റാന്‍ താരത്തിന് സാധിച്ചില്ല. ഹാര്‍ദിക്കിനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (2) പുറത്താവാതെ നിന്നു.
