ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം പ്രഭ്സിമ്രാൻ സിങ്. പഞ്ചാബ് ടീം പരിശീലകൻ റിക്കി പോണ്ടിങ് നൽകുന്ന പിന്തുണയെക്കുറിച്ചാണ് പ്രഭ്സിമ്രാൻ സംസാരിച്ചത്. ‘എല്ലാവരും അറിയുന്നതുപോലെ റിക്കി പോണ്ടിങ് ഒരു ഇതിഹാസ താരമാണ്. ഇപ്പോഴും പോണ്ടിങ് പോസിറ്റിവാണ്. നെ​ഗറ്റീവായ കാര്യങ്ങളെക്കുറിച്ച് പോണ്ടിങ് സംസാരിക്കാറില്ല. ഓരോത്തർക്കും സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ പോണ്ടിങ് അവസരം നൽകുന്നു. സ്വീപ് ഷോട്ടുകളും സ്വിച്ച് ഹിറ്റുകളും പഞ്ചാബ് താരങ്ങൾ ഒരുപാട് സമയം നെറ്റ്സിൽ പരിശീലനം നടത്തിയിട്ടുണ്ട്. പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യൻ ടീമിൽ കളിക്കുകയെന്ന ലക്ഷ്യത്തിലെത്താൻ സാധിക്കും.’ പ്രഭ്സിമ്രാൻ സിങ് മത്സരശേഷം പ്രതികരിച്ചു.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.