സലാല സലാലയില്‍ നിന്നും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാത്തത് പ്രവാസികളെ ദുരിതത്തിലാക്കുന്നു. രണ്ട് സെക്ടറുകളിലേക്കുമുള്ള യാത്രക്കാർക്ക് പെരുന്നാള്‍, വിഷു ആഘോഷങ്ങള്‍ക്ക് നാടണയാന്‍ മറ്റു കേരള സെക്ടറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സലാല കോഴിക്കോട് സെക്ടറില്‍ വ്യാഴം, ഞായര്‍ ദിവസങ്ങളിലും കൊച്ചിയിലേക്ക് ശനിയാഴ്ചയും മാത്രമാണ് സര്‍വീസുള്ളത്. ഇതും ദോഫാറിലെ പ്രവാസി മലയാളികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന കണ്ണൂര്‍, തിരുവനന്തപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ റദ്ദാക്കുകയായിരുന്നു. വരാനിരിക്കുന്ന അവധിക്കാലത്തുള്‍പ്പെടെ സലാലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടി. ലഭ്യമായ സെക്ടറുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയും ടിക്കറ്റ് നിരക്കുകയരുകയും ചെയ്യും.