കൊച്ചി: എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂർ. വിവാദത്തില്‍ വേണ്ടത്ര പിന്തുണ തിരക്കഥാകൃത്തിനും സംവിധായകനും നടനും സിനിമാ മേഖലയില്‍ നിന്നും ലഭിച്ചില്ലെന്ന സംസാരം സിനിമാ പ്രവർത്തകർക്കിടയിലുണ്ടെയെന്ന് അഡ്വ. സി ഷുക്കൂർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. സൊസൈറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ പല സമ്മർദ്ദങ്ങളും ഉണ്ടാവും. സെൻസർബോർഡ് സിനിമ കണ്ടില്ലെന്ന് പറയുന്നത് തമാശയായിട്ടാണ് തോന്നുന്നതെന്നും ഷുക്കൂർ വക്കീൽ പറഞ്ഞു.
സിനിമ ഒരുദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. മോഹൻലാൽ സിനിമയിൽ പറയുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണ്. എല്ലാവരും കൂടിയായിലോചിച്ച ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. എമ്പുരാൻ കണ്ടതാണ്. സിനിമയിൽ രാഷ്ട്രീയം ചർച്ച ചെയ്യണം. അനാവശ്യമായി സിനിമയുടെ മേൽ സെൻസറിംഗ് നടത്തേണ്ടതില്ല. സാമൂഹിക ഐക്യവും സൗഹാർദവും തകർക്കുന്ന നിലയിൽ സിനിമയെടുക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിനിമാ പ്രവർത്തകർ കാണിക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.