പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് ഹാര്‍ദിക്കിന് പിഴ ചുമത്തിയിരിക്കുന്നതെന്ന് ഐപിഎൽ പ്രസ്താവനയിലൂടെ അറിയിച്ചു.
അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യൻസിന് വീണ്ടും തലവേദന. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിലാണ് നടപടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ കഴിഞ്ഞ മത്സരം സസ്പെൻഷനിൽ ആയതിനു പിന്നാലെയാണ് വീണ്ടും പിഴ ശിക്ഷ ലഭിച്ചത്. എന്നാൽ മത്സരത്തിനിടെ ഗുജറാത്ത് സ്പിന്നര്‍ സായ് കിഷോറിനെതിരെ താരം വാക്കേറ്റത്തിന് ശ്രമിച്ചു.കളിയുടെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. ആദ്യം രണ്ട് ഡോട്ട് ബോളുകളാണ് സായ് എറിഞ്ഞത്. മൂന്നാമത്തെ പന്ത് ഹാര്‍ദിക് ബൗണ്ടറിയിലേക്ക് പറത്തി. നാലാമത്തേതും ഡോട്ട് ബോളെറിഞ്ഞതോടെ ഹാര്‍ദികിന് സംയമനം നഷ്ടമാവുകയായിരുന്നു.
സായ് കിഷോറിനെ തറപ്പിച്ച് നോക്കി വാക്കുകൾ സംസാരിച്ചത് മൈക്കിൽ പതിഞ്ഞു. ഹാര്‍ദിക് മല്‍സരശേഷം സായിയെ ആശ്ലേഷിച്ചാണ് മടങ്ങിയത്. അഞ്ചുതവണ ചാംപ്യന്‍മാരായ മുംബൈയുടെ ക്യാപ്റ്റനായി ഹാര്‍ദിക് ഈ സീസണില്‍ മടങ്ങിയെത്തുകയായിരുന്നു. ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനാണ് സാധിച്ചത്. 28 പന്തില്‍ 48 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (38), ജോസ് ബട്‌ലര്‍ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
