കൊച്ചി: കൊച്ചി വെല്ലിങ്ടൺ ഐലൻഡിന് സമീപം വൻ കുഴൽപ്പണ വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കണക്കിൽപ്പെടാത്ത രണ്ട് കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്.

സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാജ​ഗോപാൽ, ബീഹാർ സ്വദേശിയായ സമി മുഹമ്മദ് എന്നിവരെ ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 വർഷത്തിലധികമായി കൊച്ചിയിൽ താമസിക്കുന്ന വ്യക്തിയാണ് രാജ​ഗോപാൽ എന്നാണ് റിപ്പോർട്ട്. പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. വ്യാപാരിക്ക് കൈമാറാൻ കൊണ്ടുവന്ന പണമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.സ്ഥലമിടപാടിനെത്തിച്ച തുകയെന്നും മൊഴിയിലുണ്ട്. എന്നാൽ ഇരുവർക്കും ഇതിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.