പ്രതീകാത്മക ചിത്രം
ബദിയഡുക്ക: കാസർഗോഡ് ചെർളടുക്കയിൽ വിദ്യാർത്ഥിയെ സ്റ്റീൽ പൈപ്പും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ചതായി പരാതിയിൽ കേസെടുത്തു. വിദ്യാർത്ഥിയുടെ പരാതിയിൽ ചെർക്കള, നെല്ലിക്കട്ട, സാൽ തടുക്ക സ്വദേശികളായ അഞ്ചുപേർക്കെതിരെ ബദിയഡുക്ക പോലീസ് വധശ്രമത്തിന് കേസെടുത്തു.
പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അബുതാഹിർ (20), മുഹമ്മദ് ഷരീക്ക് (20) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി എട്ടോടെ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെയാണ് ഇവർ ആക്രമിച്ചത്.
അതേസമയം മറ്റ് മൂന്നുപേർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
