ശാരദാ മുരളീധരന്‍

തിരുവനന്തപുരം: നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് കുറിപ്പ്. രാവിലെ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് അവര്‍ നീക്കം ചെയ്തു. പിന്നാലെ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് നീക്കം ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദാ മുരളീധരന്‍ കുറിപ്പില്‍ പറയുന്നു.

ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായി വി വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശമെന്ന് അവര്‍ തുറന്നുപറയുന്നു.