എറണാകുളം : കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആകാശിന‌ു ജയിലിൽ പരീക്ഷ എഴുതാൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു. മാർച്ച് 13നു രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.