രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. മേഘ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമായിട്ടുള്ളൂവെന്നും എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്നും അമ്മാവൻ ശിവദാസൻ വ്യക്തമാക്കി.
സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകി. നിലവിൽ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയായ മേഘ (25)യെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ.
തിരുവനന്തപുരം പേട്ടക്കും ചാക്കക്കുമിടയിലെ റെയിൽ പാളത്തിൽ തിങ്കളാഴ്ച രാവിലെ 9.15 ഓടെ ട്രെയിൻ തട്ടിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്‍റെ ഐ.ഡി കാർഡിൽ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച രാവിലെ കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ, ഫോണിൽ സംസാരിച്ച് നടന്നുവന്ന മേഘ പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം.
