ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ 25 ഗ്രാം എംഡിഎംഎയും 7 ലക്ഷം രൂപയുമായി കർണാടക സ്വദേശിയടക്കം 4 പേർ പിടിയിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 4 പേർ പിടിയിലായത്. പിടികൂടിയ 7 ലക്ഷം രൂപ എംഡിഎംഎ വിറ്റ് കിട്ടിയതാണെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.
അതേസമയം ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. അല്ലാം ഇക്ബാൽ, മുഹമ്മദ് ഫിറോസ്, അൻവർ അലിക്കുട്ടി, കർണാടക സ്വദേശിയായ മുഹമ്മദ് മൻസൂർ എന്നിവരാണ് പിടിയിലായത്. കൂടാതെ പിടിയിലായ കർണാടക സ്വദേശി കർണാടക കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ്. വിദേശത്ത് നിന്ന് വന്ന് നാട്ടിൽ മാസങ്ങളായി ലഹരി വില്പന നടത്തി വരുന്ന ആളാണ് അൻവർ. പിടികൂടിയവരിൽ നിന്നും കേരള – കർണാടക കേന്ദ്രീകരിച്ചുള്ള പ്രധാന ലഹരി മാഫിയകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
