കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ബിജെപിയും ചേര്‍ന്നാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്

കോട്ടയം: കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. ബിജെപിയില്‍ നിന്നും പുറത്താക്കിയ അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ഒന്നരവര്‍ഷത്തെ കേരള കോണ്‍ഗ്രസ്-ബിജെപി ഭരണം അവസാനിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ബിജെപിയും ചേര്‍ന്നാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

പിന്നീട് സിപിഐഎമ്മിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനായി മുന്‍ധാരണ പ്രകാരം രണ്ടരവര്‍ഷത്തിനുശേഷം ബോബി മാത്യു രാജിവെച്ചതിനെതുടര്‍ന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് കേരള കോണ്‍ഗ്രസിലെ തോമസ് മാളിയേക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. ബിജെപിയിലെ രശ്മി രാജേഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.15 അംഗ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന് മൂന്ന് ബിജെപിക്ക് അഞ്ച്, കേരള കോണ്‍ഗ്രസ് എമ്മിന് നാല്, സിപിഐഎം മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യുവാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.അന്ന് ബിജെപി മത്സരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു.