നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി നാഗ്പൂരില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. നാഗ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കല്ലേറിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശങ്ക നിലനില്‍ക്കുന്നുഅഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.മറാത്ത ചക്രവര്‍ത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കില്‍ ശിവജി ഭക്തര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും പ്രതിഷേധം നടത്തി.

ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവര്‍ത്തിക്കുമെന്നുമാണ് സംഘ്പരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചിരുന്നു. ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ചിത്ര ടാക്കീസ് ഭാഗത്തുനിന്ന് എത്തിയവരുമായി തര്‍ക്കം ഉണ്ടാകുകയും കല്ലേറില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.