സൂക്ഷിച്ചില്ലെങ്കില്‍ ലൈംഗിക ബന്ധത്തിലൂടെ ഈ വൈറസ് പിടികൂടുമെന്ന് ഗവേഷകര്‍

ചിക്കാഗോ: കിടപ്പുമുറിയിലെ ചുംബനം, ഓറല്‍ സെക്‌സ് എന്നിവയിലൂടെ ഹെര്‍പസ് വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഡിമെന്‍ഷ്യ, തലച്ചോറില്‍ വീക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ചിക്കാഗോയിലെ ഇല്ലിനോയിസ് സര്‍കലാശാല നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് ടൈപ്പ്1(എച്ച്എസ്‌വി-1) സംബന്ധിച്ചാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വൈറസിന് മൂക്കില്‍ നിന്ന് നാഡീവ്യവസ്ഥയിലേക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നും ഇത് ദീർഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.സര്‍വകലാശാലയിലെ പ്രൊഫസറായ ദീപക് ശുക്ലയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. കിടപ്പുമുറിയില്‍വെച്ച് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

എച്ച്എസ്‌വി-1 ബാധിതനായ ഒരാളുമായി സമ്പര്‍ത്തിലാകുന്ന ആര്‍ക്കും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലും എച്ച്എസ്‌വി-1 ബാധയുണ്ട്. ഇത് പ്രധാനമായും വായിലൂടെയോ വ്രണങ്ങള്‍, ഉമിനീര്‍, അല്ലെങ്കില്‍ ചര്‍മപ്രതലങ്ങള്‍ എന്നിവയിലൂടെയാണ് പകരുന്നത്.