ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനൽ പോരാട്ടം മാർച്ച് ഒമ്പതിന് ദുബായിയിൽ അരങ്ങേറുകയാണ്. കലാശപ്പോരിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലാൻഡും പരസ്പരം ഏറ്റുമുട്ടും. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 44 റൺസിനാണ് ഇന്ത്യ ആ മത്സരം ജയിച്ചത്.
ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ച് ഫൈനലിലെത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ആധികാരികമായിരുന്നു ഇരുടീമുകളുടെയും ഫൈനൽ പ്രവേശം. ഇന്ത്യ നാല് വിക്കറ്റിനും കിവീസ് 50 റൺസിനുമാണ് സെമിയിൽ എതിരാളികളെ തോൽപ്പിച്ചത്. ഇതോടെ ഫൈനൽ പോരാട്ടം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്.
അതേ സമയം മഴപെയ്താലോ ഇരുടീമുകളും ഒരേ ടോട്ടൽ സ്കോർ ചെയ്ത് സമനില പാലിക്കുകയോ ചെയ്താൽ എന്താകുമെന്ന് നോക്കുകയാണ് ഇവിടെ. ഗ്രൂപ്പുഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ ഇതിനകം മഴമൂലം ഉപേക്ഷിച്ചിരുന്നുവെങ്കിലും അതെല്ലാം നടന്നത് പാകിസ്താനിലായിരുന്നു. ദുബായിലെ കാലാവസ്ഥ നോക്കുകയാണെങ്കിൽ മഴ പെയ്യാൻ വലിയ സാധ്യത കാണുന്നില്ല. ഇനി അഥവാ മാർച്ച് ഒമ്പതിന് മഴ പെയ്ത് മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വന്നാൽ റിസർവ് ദിനമായ തിങ്കളാഴ്ച ഫൈനൽ വീണ്ടും നടക്കും. അന്നേ ദിവസവും മഴമൂലം മത്സരം നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളാക്കും.