നിയമസഭയിൽ ചിരി പടർത്തി മുഖമന്ത്രിയുടെ ‘എടാ മോനെ’ പരാമർശവും സ്പീക്കറുടെ കൂട്ടിച്ചേർക്കലും. പുതിയ തലമുറയിൽ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗൗരവമായി നിയമസഭയിൽ സംസാരിക്കുന്നതിന് ഇടയിലാണ് ‘ആവേശം’ സിനിമ പരാമർശിക്കപ്പെട്ടത്.
‘എടാ മോനെ എന്നു വിളിക്കുന്ന ഒരു രംഗമില്ലേ ഒരു സിനിമയിൽ’ എന്നായിരുന്നു ആവേശം സിനിമയെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. സിനിമയുടെ പേര് നാവിൽ വരാതെ കുഴങ്ങിയ മുഖ്യമന്ത്രിക്ക് സ്പീക്കർ എ.എൻ ഷംസീർ ‘അംബാനെ’ എന്ന ക്ലൂ നൽകി ‘ആവേശം’ എന്ന പേര് പറഞ്ഞു കൊടുത്തു.
പ്രസംഗം തുടർന്ന മുഖ്യമന്ത്രി ആവേശം സിനിമയിലെ ചില സംഭവങ്ങൾ നാട്ടിൽ നടന്ന കാര്യം സൂചിപ്പിച്ചു. ‘‘ആ സിനിമ കണ്ട് ചില കുട്ടികൾ നാട്ടിലെ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്നു പറയുന്ന പൊലീസ് റിപ്പോർട്ട് ഞാൻ കണ്ടു. അങ്ങനെയൊരു അവസ്ഥയുണ്ടെന്ന് പൊലീസ് റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ട്. ആ സിനിമ ഞാൻ കണ്ടോ ഇല്ലയോ എന്നല്ല.അങ്ങനെയൊരു അവസ്ഥയുണ്ട്. വയലൻസ് ആഘോഷിക്കപ്പെടുന്ന നിലയുണ്ട്. ഇത് സ്വാഭാവികമായും പരിശോധിക്കാനാകണം, അത് പരിശോധിക്കേണ്ടത് സെൻസര്‍ ബോർഡ് ആണ്. അവരെന്താണ് പരിശോധിക്കുന്നതെന്ന് നമുക്കറിയില്ല. ഏതായാലും നമ്മൾ അക്കാര്യം ഉയർന്നു ചിന്തിക്കേണ്ട ഘട്ടമെത്തിയെന്നാണ് തോന്നുന്നത്.’’ മുഖ്യമന്ത്രി പറഞ്ഞു.