പിസി ജോര്‍ജ്
കൊച്ചി: ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയുടെ പരാമർശത്തിന്റെ പേരിൽ ഈരാറ്റുപേട്ട പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ വാദം. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കൽ രേഖകൾ പി സി ജോർജ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
