പൾസർ സുനി
കൊച്ചി : ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടിൽ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.
ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്
