അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യം തള്ളി താരങ്ങളുടെ സംഘടനയായ ‘അമ്മ’. ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാവില്ല എന്നും അമ്മ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതിലും നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മ ഓഫീസില്‍ എത്തിയിരുന്നു.

പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. അതേസമയം, ഇന്ന് ഉച്ചയ്ക്ക് നിര്‍മ്മാതാക്കളുടെ സംഘടന എക്സിക്യൂട്ടീവ് യോഗം ചേരും.