അപകടം നടന്ന ടണല്‍
തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം അതീവ ദുഷ്കരം. ഇടിഞ്ഞ് വീണ ഭാഗം പൂർണമായും അടഞ്ഞുവെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. എട്ട് പേരാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിന്റെ പണി നടക്കുന്നതിനിടെയാണ് ഇന്നലെ അപകടമുണ്ടായത്.
സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു.
അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി ടണലിന്റെ മേൽക്കൂര തകർന്നു 200 മീറ്ററിലധികം മണ്ണ് വ്യാപിക്കുകയായിരുന്നു. ടണൽ 10 മീറ്ററിലധികം ഇടിഞ്ഞുവീണതായിട്ടാണ് അധികൃതർ പറയുന്നത്.
52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചെങ്കിലും എട്ട് പേർ ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നാലുപേർ ജാർഖണ്ഡിൽ നിന്നുള്ളവരും രണ്ടുപേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഒരാൾ ജമ്മു കശ്മീരിൽ നിന്നും ഒരാൾ പഞ്ചാബിൽ നിന്നുമാണെന്ന് അധികൃതർ അറിയിച്ചു.
