ശശി തരൂർ
കേരളത്തിലെ കോൺഗ്രസിന് താക്കീതുമായി ശശി തരൂർ എംപി. പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് എംപി വ്യക്തമാക്കി. തന്റെ കഴിവുകൾ പാർട്ടി വേണ്ടവിധത്തിൽ വിനിയോഗിക്കണമെന്നും ശശി തരൂർ നിർദ്ദേശിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നാല് തവണ തിരുവനന്തപുരത്ത് നിന്ന് എംപിയായി വിജയിച്ചത് വെറുതെയല്ലെന്നും തന്റെ തുറന്ന അഭിപ്രായ പ്രകടം കൊണ്ട് കോൺഗ്രസ് വിരുദ്ധ വോട്ട് വരെ നേടാനായി. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തനിക്ക് മറ്റു വഴികളുണ്ട് തരൂർ കൂട്ടിച്ചേർത്തു. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം തവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും തരൂർ കോൺഗ്രസ്സിനെ താക്കീത് ചെയ്തു.
അതേസമയം, കേരളത്തിലെ കോൺഗ്രസിൽ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്ന് ശശി തരൂർ പങ്കുവെച്ചു. കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്‍റെ ലേഖനം പുറത്തുവന്നതോടെ പൊല്ലാപ്പിലായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
