മുഹമ്മദ് ഷമി

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ റെക്കോർഡ് നേട്ടങ്ങളുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെയാണ് ഷമി റെക്കോർഡ് ബുക്കുകളിൽ ഇടം പിടിച്ചത്. 10 ഓവറിൽ 53 റൺസ് വിട്ടുകൊടുത്താണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഏകദിന ക്രിക്കറ്റിൽ വേ​ഗത്തിൽ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഷമി സ്വന്തമാക്കി.103-ാം ഇന്നിം​ഗ്സിലാണ് ഷമിയുടെ 200-ാം വിക്കറ്റ് നേട്ടം. വേ​ഗത്തിൽ 200 വിക്കറ്റ് സ്വന്തമാക്കിയ എക്കാലത്തെയും പേസർമാരുടെ പട്ടികയെടുത്താൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക് മാത്രമാണ് ഷമിക്ക് മുന്നിലുള്ളത്. 102 ഇന്നിം​ഗ്സുകളിൽ നിന്ന് സ്റ്റാർക് ഈ നേട്ടം സ്വന്തമാക്കി.

ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഷമി സ്വന്തമാക്കിയ മറ്റൊരു നേട്ടം. ഐസിസി ടൂർണമെന്റുകളിൽ ഇതുവരെ 72 വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്. മുൻ താരം സഹീർ ഖാന്റെ 71 വിക്കറ്റ് നേട്ടമെന്ന റെക്കോർഡാണ് ഷമി മറികടന്നത്. ഇതിൽ ഐസിസി ഏകദിന ടൂർണമെന്റുകളിൽ മാത്രം ഷമിയുടെ വിക്കറ്റ് നേട്ടം 60 ആണ്. സഹീർ ഖാൻ നേടിയ 59 വിക്കറ്റുകളെന്ന റെക്കോർഡാണ് ഷമി മറികടന്നു. ഏകദിന ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലും അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ പേസർകൂടിയാണ് ഷമി.