വിജിലൻസ് സംഘം ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യകുപ്പികൾ.

കൊച്ചി ∙ അപേക്ഷ പാസാകണമെങ്കിൽ കൈക്കൂലിക്കൊപ്പം ‘കുപ്പി’യും നിർബന്ധം. കൈക്കൂലി കേസിൽ എറണാകുളം ആർടിഒ ടി.എം. ജേഴ്സൺ പിടിയിലായപ്പോൾ കുപ്പിക്കണക്കാണു നാട്ടുകാർ ശ്രദ്ധിച്ചത്. ഇന്നലെയും ഇന്നുമായി നടന്ന റെയ്ഡിൽ വിജിലൻസ് സംഘം ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതു ചെറുതും വലുതുമായ 74 കുപ്പികൾ. ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളും കൂട്ടത്തിലുണ്ട് ‘വിജിലൻസ് റെയ്ഡി’ന്റെ പേരിൽ ജേഴ്സൺ സഹപ്രവർത്തകരെ പറ്റിച്ചെന്നും വിവരമുണ്ട്. ജേഴ്സണിനെതിരെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും. 50 ലക്ഷം രൂപ ജേഴ്സണിന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലുണ്ടെന്ന് ഇന്നലെ കണ്ടെത്തി. ഇന്നത്തെ പരിശോധന കഴിഞ്ഞതോടെ ഇത് 84 ലക്ഷം രൂപയാണെന്ന് വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകൾ പരിശോധിക്കുകയാണെന്നും വിജില‍ൻസ് വൃത്തങ്ങൾ വ്യക്തമാക്കി.