സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ മർദിക്കുന്ന ദൃശ്യം

തൃശൂർ: പെരുമ്പിലാവിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കെആർ ബാറിലാണ് സംഘർഷമുണ്ടായത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി ഉപയോ​ഗിച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് മർദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീർ. ബാറിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഈ തർക്കത്തിൽ ഇടപെട്ടതോടെയാണ് സംഘർഷം ഉണ്ടായത്.

ഷെക്കീറിനെ ബാറിൽ നിന്നും ആദ്യം ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെ ബാറിന് പുറത്ത് റോഡിന് സമീപത്ത് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരുക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.