പ്രതീകാത്മക ചിത്രം

ലഖ്നോ : സ്ത്രീധന തുക കുറഞ്ഞതിന്റെ പേരിൽ യുവതിയുടെ ശരീരത്തിൽ എച്ച്ഐവി വൈറസ് കുത്തിവെച്ച് ഭർതൃവീട്ടുകാർ. ഉത്തർപ്രദേശിലാണ് സംഭവം.യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കോടതി ഉത്തരവിനെ തുടർന്നു കേസ് റജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു.

45 ലക്ഷം രൂപ വിവാഹസമയത്ത് യുവതിയുടെ കുടുംബം ഭർതൃവീട്ടുകാർക്ക് നൽകിയിരുന്നുവെന്നും എന്നാൽ ഇവർ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.സംഭവത്തിൽ ഭർത്താവ്, ഭർതൃ മാതാവ്, സഹോദരങ്ങൾ എന്നിവർക്കെതിരെ മീറത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

2023 ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. അന്ന് 45 ലക്ഷം രൂപ യുവതിയുടെ കുടുംബം ഭർതൃവീട്ടുകാർക്ക് നൽകിയിരുന്നു. 15 ലക്ഷം രൂപയും കാറുമായിരുന്നു നൽകിയത്.
എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഭർതൃവീട്ടുകാർ സ്ത്രീധനം പോരെന്നും പത്ത് ലക്ഷം രൂപ അധികം നൽകണമെന്നും ആവശ്യപ്പെട്ടു.വിവാഹത്തിൻ്റെ പിറ്റേദിവസം തന്നെ കൂടുതൽ പണം ആവശ്യപ്പെട്ട് മകളെ ഭർത്താവിന്റെ കുടുംബം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞു.

10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ മകളെ ഉപേക്ഷിക്കുമെന്ന ഭീഷണിയും സംഘം മുഴക്കിയിരുന്നു. 2023 മാർച്ച് അവസാനത്തോടെ സംഘം യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് നാട്ടുകൂട്ടം ഇടപെട്ടാണ് വിഷയം താത്ക്കാലികമായി ഒത്തുതീർപ്പാക്കിയത്. ഇതിന് ശേഷമായിരുന്നു എച്ച്ഐവി ബാധിതനായ ആളെ കുത്തിവെയ്ക്കാൻ ഉപയോ​ഗിച്ച സിറിഞ്ച് കൊണ്ട് ഭർതൃവീട്ടുകാർ യുവതിയെ കുത്തിവെയ്ക്കുന്നത്.ഇതോടെ മകളുടെ ആരോ​ഗ്യം ക്ഷയിച്ചുവെന്നും പരിശോധനയിൽ മകൾ എച്ച്ഐവി ബാധിതയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പിതാവ് പരാതിയിൽ പറയുന്നു.

യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി. ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവാണ്.പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണു കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട്‌വാലി പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.