1. ജി.സുരേഷ് കുമാർ, 2. ആന്റണി പെരുമ്പാവൂർ, 3. ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി ∙ സിനിമ സമരം പ്രഖ്യാപിക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പുതിയ തലത്തിലേക്ക് എത്തിയതോടെ അസോസിയേഷനിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും നിർമാതാക്കളായ ആന്റണി പെരുമ്പാവൂരും ജി.സുരേഷ് കുമാറും സംഘടനയ്ക്ക് അത്രയേറെ വേണ്ടപ്പെട്ടവരാണെന്നും അഭിപ്രായപ്പെട്ട് സംഘടനയുടെ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമായ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തി. ഒരു സിനിമ സമരം ഉണ്ടായാൽ ആന്റണി പെരുമ്പാവൂർ അതിന്റെ മുന്നിൽ തന്നെ ഉണ്ടാവുമെന്നും വാർത്താ സമ്മേളനത്തിൽ ലിസ്റ്റിൻ പറഞ്ഞു.

പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നിര്‍മാതാക്കളുടെ സംഘടന അടുത്തു തന്നെ യോഗം ചേരും.ഇതിൽ ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും ഉൾപ്പെടെ പങ്കെടുക്കും താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും പ്രതിഫലം കുറയ്ക്കണം എന്നു തന്നെയാണ് അഭിപ്രായം. സുരേഷ് കുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങൾ നിർമാതാക്കളുടെ സംഘടനയും മറ്റു സംഘടനകളും ചേര്‍ന്നുള്ള യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളാണ്. എന്നാൽ അതിൽ തന്റെ സിനിമയെക്കുറിച്ച് സുരേഷ് കുമാർ പറഞ്ഞതാണ് ആന്റണി പെരുമ്പാവൂരിനെ ബുദ്ധിമുട്ടിച്ചതെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.